English| മലയാളം

ചരിത്രം

പുരാതനകാലത്ത് ഈ പ്രദേശം മുഴുവന്‍ പാഴ്ഭൂമിയായിരുന്നതിനാല്‍ പെരും പാവൂര്‍ എന്നറിയപ്പെടുകയും അത് ക്രമേണ പെരുമ്പാവൂര്‍ ആയി മാറുകയുമാണ് ചെയ്തത് എന്ന് പറയപ്പെടുന്നു. കൂടാതെ പെരുമ്പാമ്പുകളുടെ സങ്കേതം എന്നര്‍ത്ഥം വരുന്ന പെരുമ്പാമ്പൂര്‍ എന്ന പേര് ക്രമേണ പെരുമ്പാവൂര്‍ ആയി മാറിയതാണെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. 1953 ജനുവരി 1-ല്‍ ഒരു മുനിസിപ്പല്‍ പട്ടണമായി പെരുമ്പാവൂര്‍ ഉയര്‍ത്തപ്പെട്ടു. ആദ്യകാല ഭരണം നടത്തിയിരുന്നത് കെ ഹരിഹര അയ്യര്‍ ചെയര്‍മാനായ ഭരണസമിതിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന മുന്‍സിഫ് കോടതികളില്‍ ഒന്ന് പെരുമ്പാവൂരിലാണ്. പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹൈസ്ക്കൂള്‍ സംസ്ഥാനത്തെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ്. ഇന്നാട്ടുകാരനായ മഹാകവി ജി ശങ്കരക്കുറുപ്പിന് ഭാരതീയ പുരസ്കാരമായ ജ്ഞാനപീഠം അവാര്‍ഡ് ലഭിക്കയുണ്ടായി. നഗരമദ്ധ്യത്തിലുളള ഇരിങ്ങോള്‍കാരും അതിനടുത്തുളള കലാസാംസ്കാരിക ഗ്രാമവും പ്രസിദ്ധങ്ങളാണ്. സാംസ്കാരിക സ്ഥാപനമായ ഫാസ് പ്രൊഫഷണല്‍ നാടകങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്. പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ആണ് ഇവിടത്തെ ഏറ്റവും പ്രധാന വ്യവസായ സ്ഥാപനം. ഇവിടെ നിന്നും റയോണ്‍സും, സെല്ലോഫില്‍ പേപ്പറും ഉല്‍പാദിപ്പിക്കുന്നു. തടിവ്യവസായം ഈ പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ചിരിക്കുന്നു. പട്ടണത്തിന്റെ പ്രധാന സിരാകേന്ദ്രം ആലുവാ - മൂന്നാര്‍ റോഡും മെയിന്‍ സെന്‍ട്രല്‍ റോഡും സന്ധിക്കുന്ന ഭാഗമാണ്. എ.എം. റോഡ്, പി.പി റോഡ്, കെ. എസ്. ആര്‍. ടി. സി റോഡ് എന്നിവയാണ് മറ്റു പ്രധാന ഗതാഗത മാര്‍ഗ്ഗങ്ങള്‍. പണ്ട്  മൈസൂര്‍ സൈന്യം ഇവിടെയെത്തിയശേഷം പടയോട്ടം നിറുത്തിപ്പോയി എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്.